ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്നു. ഇംഫാൽ ഈസ്‌റ്റിൽ കഴിഞ്ഞ ദിവസവും സുരക്ഷാ സേനയും അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടിയിരുന്നു. എന്നാൽ, സംസ്‌ഥാനത്ത് നിന്നുള്ള പ്രതിപക്ഷ സംഘത്തെ കാണാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കലാപം നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പ്രധാന ഘടകക്ഷികളായ എൻസിപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മണിപ്പൂരിലെ ബിജെപി നേതാക്കളെ ഉന്നമിട്ടാണ് ഇംഫാൽ താഴ്‌വരയിൽ വ്യാപക അക്രമം നടക്കുന്നത്. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് എ ശാരദാദേവിയുടെ വീട് ആക്രമിക്കാനും ബിരേൻ സിങ് സർക്കാരിലെ രണ്ടാമനായ മന്ത്രി തോങ്ങം ബിശ്വജിത്തിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി. ബിജെപി ആസ്‌ഥാനത്തെത്തിയ 300 ലേറെപ്പേരെ സൈന്യം തടഞ്ഞു. ഇംഫാൽ പാലസ് കോപൗണ്ടിൽ തടിച്ചുകൂടിയ ആയിരത്തോളം പേർക്ക് നേരെ ദ്രുതകർമസേന റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു.
ഇംഫാലിൽ രാത്രി ഒമ്പതരയോടെ നൂറുകണക്കിന് മെയ്‌തെയ് വനിതകൾ മനുഷ്യച്ചങ്ങല തീർത്തു. കുക്കി തീവ്രസംഘടനകൾക്ക് എതിരെ സൈന്യവും അസം റൈഫിൾസും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇംഫാൽ താഴ്‌വരയിലെ മെയ്‌തെയ് വിഭാഗക്കാർ ബിജെപി നേതാക്കളുടെ വീടുകൾ ആക്രമിക്കുന്നത്. സംസ്‌ഥാനത്തെ ഏക വനിതാ മന്ത്രിയും കുക്കി വംശജയുമായ നെംച കിപ്‌ഗെനിന്റെയും കേന്ദ്രമന്ത്രി ആർകെ രഞ്‌ജൻ സിങ്ങിന്റെയും വീടുകൾ കഴിഞ്ഞ ദിവസങ്ങളിൽ കത്തിനശിച്ചിരുന്നു.
അതേസമയം, ഇന്നും വ്യാപക അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്‌ചാത്തലത്തിൽ വിവിധ ജില്ലകളിൽ അതീവജാഗ്രത തുടരുകയാണ്. ചുരചന്ദ്പൂർ, ഇംഫാൽ ഈസ്‌റ്റ്, ഇംഫാൽ വെസ്‌റ്റ് എന്നിവിടങ്ങളിൽ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. ഇന്റർനെറ്റ് നിരോധനം ഈ മാസം 20 വരെ തുടരും. സ്‌കൂളുകൾ 21 മുതൽ തുറന്ന് പ്രവർത്തിക്കും. മെയ് 3 മുതൽ ആരംഭിച്ച മെയ്‌തെയ്- കുകി വിഭാഗക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
മെയ്‌തെയ് വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിലേക്കെത്തിയത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രേതര വിഭാഗമാണ് മെയ്‌തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുകി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്‌ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.
Most Read: വിദ്യയെ കണ്ടെത്താനാകാതെ പോലീസ്; അന്വേഷണം പ്രതിസന്ധിയിൽ