വൈത്തിരി: വയനാട് നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമഗ്ര പദ്ധതി ആവിഷ്‌കരിക്കാൻ ജില്ലാ സമ്മേളനം തീരുമാനിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. കഴിഞ്ഞ 4 വർഷത്തെ സംഘടനാ പ്രവർത്തനവും ജില്ലയുടെ വികസനവുമാണ് സമ്മേളനം ചർച്ച ചെയ്‌തത്. 7,000 കോടി രൂപയുടെ വയനാട് പാക്കേജ് ഫലപ്രദമായി നടപ്പാക്കിയാൽ ജില്ല നേരിടുന്ന പല പ്രശ്‌നങ്ങൾക്കും ഫലപ്രദമായ പരിഹാരം ഉണ്ടാകും. വന്യമൃഗ ഭീഷണി തടയാനും കൃഷിമേഖലയെ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് തൊഴിലവസരങ്ങൾ ഉണ്ടാക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും പദ്ധതി ആവിഷ്‌കരിക്കും.
ആദിവാസികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ജില്ലയിൽ പാർട്ടിയുടെ സ്വാധീനം വർധിച്ചതായും ഗഗാറിൻ പറഞ്ഞു. 60 ബ്രാഞ്ചുകളും 2 ലോക്കൽ കമ്മറ്റികളും 2 ഏരിയ കമ്മറ്റികളും വർധിച്ചു. പാർട്ടി അംഗങ്ങളുടെ എണ്ണം 10,020ൽ നിന്ന് 11,286 ആയി. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 2016നെക്കാൾ 2,13,000 വോട്ട് കൂടുതൽ കിട്ടി. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആദ്യമായി 8 ഡിവിഷനുകളിൽ വിജയിച്ചു. 2 ബ്‌ളോക്ക് പഞ്ചായത്തുകളിൽ ഭരണം കിട്ടി. ഏറ്റവും കൂടുതൽ നഗരസഭാ കൗൺസിലർമാരും എൽഡിഎഫിനാണ്.
ജില്ലാ ആസൂത്രണ സമിതിയിൽ ചരിത്രത്തിലാദ്യമായി എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. കോവിഡ് കാലത്ത് നടത്തുന്ന പോരാട്ടങ്ങളിൽ പോലുമുണ്ടായ വൻ ജനപങ്കാളിത്തം ജില്ലയിലെ പാർട്ടി മുന്നേറ്റത്തിന്റെ തെളിവാണ്. വലതുപക്ഷ രാഷ്‌ട്രീയം ഉപേക്ഷിച്ച് നേതാക്കൾ ഉൾപ്പടെയുള്ള ഒട്ടേറെപ്പേർ പാർട്ടിക്കൊപ്പം ചേർന്നു. പാർട്ടി ആശയങ്ങൾ പ്രചരിപ്പിക്കാൻ സ്‌ഥാപിക്കുന്ന ഇഎംഎസ്, എകെജി, ബിടിആർ, സുന്ദരയ്യ പഠന സ്‌കൂൾ നിർമാണം 2022ൽ പൂർത്തിയാക്കും. എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് പ്രവർത്തിക്കുമെന്നും പി ഗഗാറിൻ പറഞ്ഞു.
Also Read: കുടുംബാംഗങ്ങൾക്ക് നേരെയും വധശ്രമം; സുധീഷിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് മൊഴി






































