അബുദാബി: മാര്‍ച്ച് 1 നു ശേഷം വിസ കാലാവധി അവസാനിച്ച യുഎഇ താമസക്കാര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐ സി ഐ ) ആണ് ഈ വിവരം അറിയിച്ചത്. ഓഗസ്റ്റ് 18 മുതല്‍ നവംബര്‍ 17 വരെയാണ് കാലാവധി നീട്ടിയത്. നിയമലംഘകര്‍ക്ക് രാജ്യത്തേക്ക് തിരിച്ചു വരുന്നതിനുള്ള നിരോധനം ഒഴിവാക്കുമെന്നും ഐ സി എ യിലെ വിദേശകാര്യ-തുറമുഖ ഡയറക്ടര്‍ മേജര്‍ ജനറല്‍ സഈദ് റകന്‍ അല്‍ റാഷിദി വ്യക്തമാക്കി.
യുഎഇ ല്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഷാര്‍ജ, അബുദാബി,റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലൂടെ മടങ്ങുന്നവര്‍ വിമാനം പുറപ്പെടുന്നതിനു 6 മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണം. കൂടാതെ ദുബായ് രാജ്യാന്തര വിമാനത്താവളം വഴിയാണ് മടങ്ങുന്നതെങ്കില്‍ വിമാനം പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് ടെര്‍മിനല്‍ 2 ല്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്ററിലെ ഡിപോര്‍ടേഷന്‍ കേന്ദ്രം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കണം. ഈ കാര്യങ്ങളെ സംബന്ധിച്ച എല്ലാ വിധ സംശയങ്ങള്‍ക്കും രാവിലെ 8 മുതല്‍ രാത്രി 10 വരെ 800453 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അവധി ദിവസങ്ങളില്‍ ഈ സേവനം ലഭ്യമല്ല.





































