പാലക്കാട്: ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുട്ടിക്ക് വിദഗ്‌ധ ചികിൽസ നൽകാൻ തീരുമാനിച്ചതായി വനംവകുപ്പ്. രണ്ട് ദിവസം കൂട്ടിൽ വെച്ച് അമ്മപ്പുലിയെ ആകർഷിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തീരുമാനം. കാട്ടിലേക്ക് അയക്കാനുള്ള നീക്കം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും പരീക്ഷണം വേണ്ടെന്നും വെറ്ററിനറി ഡോക്‌ടർ അറിയിച്ചിരുന്നു.
അമ്മയുടെ സാന്നിധ്യം ഇല്ലാത്തത് കുഞ്ഞിന്റെ ആരോഗ്യസ്‌ഥിതിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. തൃശ്ശൂരിൽ നിന്നെത്തിയ വനംവകുപ്പിന്റെ വെറ്ററിനറി ഡോക്‌ടർ പുലിക്കുഞ്ഞിനെ വിശദമായി പരിശോധിച്ചതിന് ശേഷമാണ് തീരുമാനം. പുലിക്കുഞ്ഞിന്റെ വയറിനകത്തുള്ള ചെറിയ അസ്വസ്‌ഥതകൾ കുറഞ്ഞിട്ടുണ്ട്. പ്രസവിച്ച് ഒരാഴ്‌ച മാത്രം പ്രായമുള്ളതിനാൽ അമ്മയുടെ ചൂട് ലഭിക്കാത്തത് ആരോഗ്യത്തെ ബാധിക്കും. പാലും തളർന്ന് പോകാതിരിക്കാനുള്ള മരുന്നുകളും നിലവിൽ പുലിക്കുഞ്ഞിന് നൽകുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയോടെ ആയിരുന്നു ഉമ്മിനിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് അമ്മപുലിയെ കണ്ടെത്താൻ കുഞ്ഞുങ്ങളെ കൂട്ടിലാക്കി കെണിയൊരുക്കിയെങ്കിലും ഒന്നിനെ മാത്രമാണ് പുലി കൊണ്ടുപോയത്. അവശേഷിച്ച കുഞ്ഞിനെ എടുക്കാൻ തള്ളപ്പുലി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ രാത്രിയില്‍ രണ്ടാമത്തെ കുഞ്ഞിനെ കൂട്ടിൽ വച്ച് വനം വകുപ്പ് കാത്തിരുന്നത്. എന്നാൽ രാവിലെ ആറുവരെ തള്ളപ്പുലി എത്താത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഡിഎഫ്ഒ ഓഫിസിലെ പരിചരണ കേന്ദ്രത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.
നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ ഇന്നലെ പുലി എത്തിയില്ലെന്ന് സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ഒരു കുഞ്ഞുമായി പോയ പുലി ധോനി ഭാഗത്തുള്ള പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് ഉള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ട്. സ്‌ഥലം കണ്ടെത്തി രണ്ടാമത്തെ പുലിക്കുട്ടിയെ അവിടെ എത്തിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. എന്നാൽ പാറക്കെട്ടിന് സമീപം കുഞ്ഞിനെ എത്തിച്ച് തള്ളപ്പുലിക്കായി കാത്തിരിക്കുന്നതിനിടെ മറ്റു മൃഗങ്ങള്‍ പുലിക്കുട്ടിയെ ആക്രമിക്കുമോ എന്ന ആശങ്കയുള്ളതിനാൽ ആ പദ്ധതി തൽക്കാലം ഉപേക്ഷിച്ചു.
Most Read: യുഎസ് യാത്ര; ഔദ്യോഗിക ചുമതലകൾ കൈമാറില്ലെന്ന് മുഖ്യമന്ത്രി








































