ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. തുടർന്ന് ഓരോ സംസ്‌ഥാനങ്ങളിലെയും സ്‌ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും. ഇന്ന് വൈകുന്നേരം 4.30നാണ് യോഗം ചേരുന്നത്. അതേസമയം കഴിഞ്ഞ ഞായറാഴ്‌ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി രാജ്യത്തെ കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ഉന്നതതല യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങളാകും ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യുക. തുടർന്ന് രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് പകരം, സംസ്‌ഥാന തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ പറ്റി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും. കൂടാതെ വരും ദിവസങ്ങളിലും രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി വ്യക്‌തമാക്കിയിട്ടുണ്ട്.
നിലവിൽ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ ഉയർച്ചയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടക്കുകയും ചെയ്‌തിട്ടുണ്ട്. മഹാരാഷ്‌ട്രയിലും ഡെൽഹിയിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. മറ്റ് സംസ്‌ഥാനങ്ങളിലും രോഗവ്യാപന തോത് ഉയരുകയാണ്.
Read also: സംസ്‌ഥാനത്തെ കോവിഡ് കുതിപ്പ് ഒമൈക്രോൺ തരംഗമായി കണക്കാക്കാം; വിദഗ്‌ധർ