തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഉണ്ടാകുന്ന കോവിഡ് വ്യാപനത്തെ ഒമൈക്രോൺ തരംഗമായി കണക്കാക്കാമെന്ന് വ്യക്‌തമാക്കി വിദഗ്‌ധർ. നിലവിൽ വലിയ കോവിഡ് ക്ളസ്‌റ്ററുകളാണ് സംസ്‌ഥാനത്ത് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ അടക്കം നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കും. അയ്യായിരത്തിൽ നിന്ന് ഒൻപതിനായിരത്തിലേക്കും തൊട്ടടുത്ത ദിവസം പന്ത്രണ്ടായിരത്തിലേക്കും കുതിക്കുന്ന കോവിഡ് കേസുകൾ ഒമൈക്രോൺ തന്നെയാണെന്ന് ഉറപ്പിക്കുകയാണെന്നും വിദഗ്‌ധർ വ്യക്‌തമാക്കി.
ക്ളസ്‌റ്റർ കൂടി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നിലവിലെ പ്രതിരോധ രീതികളിൽ മാറ്റം വേണ്ടി വരും. സംസ്‌ഥാനത്ത് കൂടുതൽ ക്ളസ്‌റ്ററുകൾ വരും ദിവസങ്ങളിൽ രൂപപ്പെടും. സ്‌കൂളുകളുടെ കാര്യത്തിലടക്കം കൂടുതൽ ജാഗ്രത വേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമൈക്രോൺ വ്യാപന വേഗത തിരിച്ചറിയുന്നതിൽ ജനിതക പരിശോധനകളിലെ കുറവും, ഫലം വരാനെടുക്കുന്ന കാലതാമസവുമാണ് ഇപ്പോൾ സംസ്‌ഥാനത്തിന് പ്രശ്‌നം.
അതേസമയം നിലവിലെ വ്യാപനം ഇപ്പോഴും ഡെൽറ്റ വകഭേദം കാരണമാണെന്നാണ് സർക്കാർ നിലപാട്. ഇതിനിടെ കോവിഡ് കേസുകളുയരുമ്പോൾ രോഗികൾ ഗുരുതരാവസ്‌ഥയിൽ എത്തുന്നത് തടയുന്ന മോണോക്ളോണൽ ആന്റിബോഡി മരുന്ന് പ്രധാന സർക്കാർ ആശുപത്രികളിൽ കിട്ടാതായി തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളെ കൊണ്ട് സ്വകാര്യ മേഖലയിൽ നിന്ന് വാങ്ങിപ്പിച്ചാണ് കുത്തിവെക്കുന്നത്. കൂടാതെ മറ്റ് പ്രധാന സർക്കാർ ആശുപത്രികളിലും ഇതിന്റെ സ്‌റ്റോക്ക് നാമമാത്രമാണ്.
Read also: കോവിഡ് പ്രതിരോധ മരുന്നുകൾ; അമിത ഉപയോഗം അത്യാപത്തെന്ന് നീതി ആയോഗ്