ന്യൂഡെൽഹി: ആംആദ്‌മി പാർട്ടിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ആരോഗ്യ സംരക്ഷണ മേഖലയിൽ ഡെൽഹിയിലെ എഎപി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അഴിമതി സംബന്ധിച്ച 14 സിഎജി റിപ്പോർട്ടുകൾ പുറത്തുവന്നതെന്നും എന്നാൽ, ഒരെണ്ണം പോലും നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്. 10 വർഷത്തിൽ സംസ്‌ഥാനത്ത് ഒരു പുതിയ ആശുപത്രി പോലും നിർമിച്ചിട്ടില്ലെന്നും സിഎജി റിപ്പോർട്ടിലുണ്ട്.
കോൺഗ്രസ് സർക്കാർ നിർമാണം തുടങ്ങിവെച്ച മൂന്ന് ആശുപത്രികൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്‌തത്. ഇന്ദിരാഗാന്ധി ആശുപത്രിയുടെ നിർമാണത്തിൽ അഞ്ചുവർഷത്തെ താമസമുണ്ടായി. ടെൻഡർ തുകയേക്കാൾ 314.9 കോടി രൂപ അധികമായി ചിലവഴിച്ചു. ബുറാഡി ആശുപത്രി ആറുവർഷവും മൗലാന ആസാദ് ഡെന്റൽ ആശുപത്രി ആറുവർഷവും വൈകിപ്പിച്ചു.
ബുറാഡി ആശുപത്രിക്ക് 41.26 കോടി രൂപയും മൗലാന ആസാദ് ആശുപത്രിക്ക് 26.36 കോടി രൂപയും അധികമായി ചിലവഴിച്ചു. സിഎജി റിപ്പോർട് പ്രകാരം, 2007നും 2015നുമിടയിൽ ആശുപത്രി നിർമാണത്തിനായി 15 സ്‌ഥലങ്ങൾ ഏറ്റെടുത്തു. ആശുപത്രികളും ഡിസ്‌പെൻസറികളും നിർമിക്കേണ്ടതായിരുന്നു. പക്ഷേ, ഒരു ജോലിയും ആരംഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്.
അഴിമതിയിൽ അന്വേഷണം നടത്താൻ ലഫ്. ഗവർണർ ഉത്തരവിടണമെന്ന് ഡെൽഹി കോൺഗ്രസ് മേധാവി ദേവേന്ദ്ര യാദവ്, കോൺഗ്രസ് നേതാവ് അജയ് മാക്കൻ എന്നിവർ ആവശ്യപ്പെട്ടു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും