കോഴിക്കോട്: മേയർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ സംഭവങ്ങൾ. നടക്കാവ് വാർഡിലെ കോൺഗ്രസ് കൗൺസിലർ അൽഫോൺസ മാത്യു കൗൺസിലർ സ്ഥാനം രാജിവെച്ച് ആംആദ്മി പാർട്ടിയിൽ ചേർന്നു. പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മേയർ ബീന ഫിലിപ്പിന് വേദിയിൽ കയറിയാണ് അൽഫോൺസ നാടകീയമായി രാജിക്കത്ത് നൽകിയത്.
മുൻ മേയർ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വേദിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു സംഭവം. കോർപറേഷനിൽ രാവിലെ പത്തുമണിയോടെ എത്തിയെങ്കിലും കോർപറേഷൻ സെക്രട്ടറി ലീവിൽ ആയതിനാൽ രാജി സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് മേയർ പങ്കെടുത്ത നൽകിയതെന്നും അൽഫോൺസ പ്രതികരിച്ചു.
ചെറുപുഞ്ചിരിയോടെയാണ് മേയർ ബീന ഫിലിപ്പ് കൗൺസിലറുടെ രാജിക്കത്ത് വായിച്ചത്. 45 വർഷമായി ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷനിൽ ഇടതു-വലതു മുന്നണികളെ സ്ത്രീകളായ ജനപ്രതിനിധികളെ ഡമ്മികളാക്കി ഭരിക്കുകയാണെന്നും അതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അൽഫോൺസ പറഞ്ഞു.
രാജിക്കത്ത് നൽകിയ ശേഷം വേദിയിൽ നിന്നിറങ്ങിയ അൽഫോൺസയെ പാർട്ടിയുടെ തൊപ്പിയും ബാഡ്ജും ധരിപ്പിച്ചാണ് ആംആദ്മി പ്രവർത്തകർ സ്വീകരിച്ചത്. മണ്ഡല പുനർനിർണയത്തിൽ നടക്കാവ് വാർഡിന്റെ ചില ഭാഗങ്ങൾ ഉൾപ്പെട്ട മാവൂർ റോഡ് വാർഡിൽ ആംആദ്മി സ്ഥാനാർഥിയായി മൽസരിക്കാനാണ് അൽഫോൺസയുടെ തീരുമാനം.
Most Read| ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ട് ലഷ്കർ








































