ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേഭഗതിക്ക് മാത്രം തയാറാണെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കർഷകരെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനും ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസിനെ ഭിന്നിപ്പിക്കുന്ന പാർട്ടി എന്ന് വിളിച്ച അദ്ദേഹം കർഷക സമരത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്.
ലോക്‌സഭയിലും നയപ്രഖ്യാപനത്തിന്റെ മറുപടിയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ കാർഷിക നിയമങ്ങളിൽ കേന്ദ്രികരിച്ചായിരുന്നു. കർഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് സമരത്തിന്റെ മറവിൽ ശ്രമം നടക്കുന്നത്. നിയമം കർഷകരുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും ആണ്. ഒരു നിലക്കും നിയമം കർഷകർക്ക് മേൽ അടിച്ചേൽപ്പിക്കില്ല. എംഎസ്‌പി കൂടുതൽ മികച്ചതാക്കി മാറ്റാൻ നടപടികൾ തുടരും.
60 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം പകുതി പിന്നിട്ടപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം സഭ രാഷ്‌ട്രപതിയുടെ നയ പ്രഖ്യാപനത്തിൻ മേലുള്ള നന്ദിപ്രമേയം പാസാക്കി.
Read Also: കർഷകരല്ല, സർക്കാരാണ് യഥാർഥ രാജ്യദ്രോഹികൾ; പ്രിയങ്ക ഗാന്ധി







































