കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു. 88 വയസായിരുന്നു. വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ഏതാനും ദിവസങ്ങളായി ചികിൽസയിൽ ആയിരുന്നു.
2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായിരുന്നു. എട്ടാം നിയമസഭയിൽ 1991 മുതൽ 95 വരെയുള്ള കാലയളവിൽ സ്‌പീക്കറായി. 1995ൽ രണ്ടാം എകെ ആന്റണി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്ന പിപി തങ്കച്ചൻ, കെ. കരുണാകരന്റെ അടുത്ത അനുയായി കൂടിയായിരുന്നു.
അങ്കമാലി നായത്തോട് പൈനാടത്ത് പരേതനായ ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29നാണ് പിപി തങ്കച്ചന്റെ ജനനം. നിയമബിരുദവും പൊതുഭരണത്തിൽ ഡിപ്ളോമയും നേടി അങ്കമാലിയിൽ അഡ്വ. ഇടി കുര്യന്റെ ജൂനിയറായി അഭിഭാഷക രംഗത്തേക്ക് പ്രവേശിച്ചു. നഗരസഭാ തിരഞ്ഞെടുപ്പുകളിൽ ആശ്രമം സ്‌കൂളിന് സമീപത്തെ വാർഡിൽ നിന്ന് വിജയിച്ചതോടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നത്.
1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭാ ചെയർമാനായിരുന്നു. 68ൽ സ്‌ഥാനമേൽക്കുമ്പോൾ ഇന്ത്യയിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡണ്ട് പദത്തിൽ തുടങ്ങി അദ്ദേഹം ബ്ളോക്ക് പ്രസിഡണ്ടും എറണാകുളം ഡിസിസി പ്രസിഡണ്ടും പിന്നീട് 2004ൽ ഏതാനും മാസം കെപിസിസി പ്രസിഡണ്ടായും പ്രവർത്തിച്ചു.
1991ൽ സ്‌പീക്കറായി. എംഎൽഎമാർക്ക് ഒരു പഴ്‌സണൽ അസിസ്‌റ്റന്റിന്റെ സഹായം തേടാനുള്ള അനുമതി നൽകിയത് തങ്കച്ചൻ സ്‌പീക്കറായ കാലത്താണ്. പിന്നാക്കക്ഷേമം, പരിസ്‌ഥിതി, സഭയുടെ മേശപ്പുറത്ത് വയ്‌ക്കുന്ന കടലാസുകളുടെ ഉറപ്പ് പാലിക്കുന്ന പരിശോധന എന്നിവയ്‌ക്ക് വേണ്ടിയുള്ള സബ്‌ജക്‌ട് കമ്മിറ്റികൾക്ക് രൂപ നൽകിയതും ഇക്കാലയളവിലാണ്.
1995ൽ എകെ ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരിക്കെ തങ്കച്ചനാണ് കൃഷിക്ക് സൗജന്യ വൈദ്യുതി നൽകാനുള്ള സുപ്രധാന തീരുമാനം എടുത്തത്. യുഡിഎഫ് മുന്നണിയിലെ കക്ഷികളെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിലും കോൺഗ്രസ് വിഭാഗീയതയുടെ നാളുകളിലും രാഷ്‌ട്രീയത്തിനപ്പുറം സൗഹൃദം കാത്തുസൂക്ഷിച്ച തങ്കച്ചൻ എല്ലാവർക്കും പ്രിയപ്പെട്ട നേതാവായിരുന്നു. ടിവി തങ്കമ്മയാണ് ഭാര്യ. മൂന്ന് മക്കൾ.
Most Read| ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി