കൽപ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുൽപ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായവരിൽ ഒരാളായിരുന്നു ജോസ്.
ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തിൽ ചാടി മരിച്ച നിലയിലാണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ കണ്ടത്. വിഷം കഴിച്ചതായും സംശയമുണ്ട്. അയൽവാസികൾ ജോസിനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടിൽ നിന്ന് മദ്യവും സ്‌ഫോടക വാസ്‌തുവും കണ്ടെത്തിയതിന് പിന്നാലെയാണ് തങ്കച്ചന് 16 ദിവസം ജയിലിൽ കഴിയേണ്ടി വന്നത്. സ്‌ഫോടക വാസ്‌തുവും മദ്യവും തങ്കച്ചന്റെ വീട്ടിൽ മറ്റൊരാൾ കൊണ്ടുവച്ചതാണെന്ന് ലോക്കൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം ജയിലിൽ മോചിതനായത്. സംഭവത്തിന് പിന്നിൽ ജോസ് ഉൾപ്പടെയുള്ളവരാണെന്ന് ജയിലിൽ നിന്ന് പുറത്തെത്തിയതിന് പിന്നാലെ തങ്കച്ചൻ ആരോപണം ഉന്നയിച്ചിരുന്നു.
ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസ് ഉൾപ്പടെയുള്ള എൻഡി അപ്പച്ചൻ ഗ്രൂപ്പിൽപ്പെട്ടവർക്കെതിരെ ആയിരുന്നു തങ്കച്ചന്റെ ആരോപണം. പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജോസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.
കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ വിശ്വാസമില്ലെന്നും അതൊരു ക്രിമിനലുകളുടെ കൂട്ടമായി മാറിക്കഴിഞ്ഞെന്നും കഴിഞ്ഞദിവസം തങ്കച്ചൻ കുറ്റപ്പെടുത്തിയിരുന്നു. അറസ്‌റ്റിലായിട്ടുള്ള പ്രസാദിന് തന്നെ കുടുക്കാനുപയോഗിച്ച മദ്യം വാങ്ങാൻ പണം നൽകിയത് കോൺഗ്രസിന്റെ ബ്ളോക്ക് കമ്മിറ്റി ഭാരവാഹിയാണെന്നും തങ്കച്ചൻ ആരോപിച്ചിരുന്നു. താൻ കള്ളക്കേസിൽ ജയിലിലായിട്ടും ഡിസിസിയിൽ നിന്ന് ഒരാളുപോലും വന്നില്ലെന്നും, താൻ ഡിസിസിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ