കോഴിക്കോട്: കൊടുവള്ളിയിൽ സിപിഎം നേതാവും കൗൺസിലറുമായ കെ ബാബുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു. യൂത്ത് ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി എം നസീഫ്, മുസ്‌ലിം ലീഗ് കൊടുവളളി മുനിസിപ്പൽ പ്രസിഡണ്ട് വി അബ്‌ദുൾഹാജി, ജനറൽ സെക്രട്ടറി കെകെഎ ഖാദർ, കൊയിലാണ്ടിയിലെ ക്വട്ടേഷൻ നേതാവ് നബീൽ എന്നിവർക്ക് എതിരെയാണ് കൊടുവളളി പോലീസ് കേസെടുത്തത്.
സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ 2013ൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യൂത്ത് ലീഗ് മുൻ ജില്ലാ കൗൺസിൽ മജീദ് കോഴിശ്ശേരി ഗൂഢാലോചന വെളിപ്പെടുത്തി വാർത്താ സമ്മേളനം നടത്തിയിരുന്നു. 2013 ജൂലൈയില്‍ കൊടുവള്ളിയില്‍ അബൂബക്കര്‍ സിദ്ദീഖ് എന്നയാളുടെ സ്വാഭാവിക മരണവുമായി ബന്ധപ്പെടുത്തി കെ ബാബുവിനെ പ്രതിസ്‌ഥാനത്ത് കൊണ്ടുവരാനും അദ്ദേഹത്തെ വധിക്കാനും ലീഗ് നേതാക്കള്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് ആരോപണം.
അഞ്ച് ലക്ഷം രൂപക്കായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ സംഘത്തലവന്‍ കൊയിലാണ്ടി സ്വദേശി നബീലിന് ഖാദറും, എം നസീഫും ചേര്‍ന്ന് 50,000 രൂപ അഡ്വാന്‍സ് നല്‍കി. 5 ലക്ഷം രൂപ ഹവാല പണം സ്വരൂപിക്കാനുള്ള ഉത്തരവാദിത്തം അബ്‌ദുൾ ഹാജിക്കായിരുന്നു എന്നും മജീദ് പറഞ്ഞിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.
Most Read: ‘ഹരിത’ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ 12 ജില്ലാ കമ്മിറ്റികൾ