കണ്ണൂർ: കോവിഡ് പ്രതിരോധിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം. ഇതുൾപ്പടെയുള്ള കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കണ്ണൂർ ജില്ലയിൽ നടക്കുന്നതെന്നും സംഘം പറഞ്ഞു.
ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ സന്ദർശിച്ച ശേഷം കളക്‌ടർ ടിവി സുഭാഷിന്റെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിലാണ് കേന്ദ്രസംഘം ഇക്കാര്യം വ്യക്‌തമാക്കിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡിഎം സെൽ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഡോ. പി രവീന്ദ്രൻ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്‌ടർ ഡോ. കെ രഘു എന്നിവരാണ് കേന്ദ്രസംഘത്തിൽ ഉണ്ടായിരുന്നത്.
അഞ്ചരക്കണ്ടി, എളയാവൂർ പ്രദേശങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളും കണ്ണൂർ ഗവ. മെഡിക്കൽ കോളേജുമാണ് കേന്ദ്ര സംഘം സന്ദർശിച്ചത്. അസി. കളക്‌ടർ മുഹമ്മദ് ശഫീഖ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ഡിപിഎം ഡോ. പികെ അനിൽകുമാർ തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സൗകര്യങ്ങളെ കുറിച്ച് സൂപ്രണ്ട് ഡോ. കെ സുദീപ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ് അജിത്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എകെ ജയശ്രീ എന്നിവരുമായി ചർച്ച നടത്തി.
Malabar News: കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ശമ്പളം മുടങ്ങി; പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കേസെടുത്തു