തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സിപിഐ സർക്കാർ ജീവനക്കാരുടെ സംഘടന. പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനെ കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട് വിവരാവകാശപ്രകാരം ചോദിച്ചിട്ടും സംഘടനക്ക് നൽകിയില്ല. റിപ്പോർട് പ്രസിദ്ധപ്പെടുത്തണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
2013 ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് പങ്കാളിത്ത പെൻഷനാണ് ഉള്ളത്. ഈ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒന്നാം പിണറായി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. റിട്ട. ജില്ലാ ജഡ്‍ജി എസ് സതീഷ് ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതേക്കുറിച്ച് പഠിച്ചത്. കഴിഞ്ഞ ഏപ്രിൽ 30ന് സമിതി റിപ്പോർട് സമർപ്പിക്കുകയും ചെയ്‌തിരുന്നു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് 2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ രണ്ട് വർഷത്തിന് ശേഷമാണ് സമിതി തന്നെ രൂപീകരിച്ചത്. ഈ റിപ്പോർട് കിട്ടിയിട്ടും ഇതുവരെയും ഒരു നടപടിയുമെടുത്തില്ല. ഇതിൽ ഇടതു ജീവനക്കാർക്ക് കടുത്ത അമർഷമുണ്ട്. ഇതിനിടെയാണ് ജോയിന്റെ കൗൺസിൽ സർക്കാരിനെതിരെ പരസ്യ പ്രക്ഷോഭവുമായി രംഗത്ത് വരുന്നത്.
Most Read: കോവിഡ് വ്യാപനം ആറ് മാസത്തിനുള്ളിൽ നിയന്ത്രണ വിധേയമാകും; എൻസിഡിസി