പങ്കാളിത്ത പെൻഷൻ പദ്ധതി; പുനഃപരിശോധനാ സമിതിയുടെ റിപ്പോർട് പുറത്ത്

സമിതിയുടെ പഠനം കഴിഞ്ഞിട്ട് നാളുകളേറെയായെങ്കിലും സർക്കാർ റിപ്പോർട് പരസ്യമാക്കാതെ വെച്ചിരിക്കുക ആയിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ റിപ്പോർട് ഹരജിക്കാരന് കൈമാറിയത്.

By Trainee Reporter, Malabar News
strike of government employees
Rep. Image
Ajwa Travels

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധനാ സമിതിയുടെ റിപ്പോർട് പുറത്ത്. സർക്കാർ ജീവനക്കാർക്ക് അനുകൂലമായാണ് റിപ്പോർട് ഉള്ളത്. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് 2021ൽ തയ്യാറാക്കിയ റിപ്പോർട് സർക്കാർ പുറത്തുവിടാൻ തയ്യാറായത്. സർക്കാർ പ്രതിനിധി ജോയിന്റ് കൗൺസിൽ ഓഫീസിൽ നേരിട്ടെത്തി സംഘടനാ സെക്രട്ടറി എസ് സജീവിനാണ് റിപ്പോർട് കൈമാറിയത്.

പങ്കാളിത്ത പെൻഷൻ പദ്ധതി തുടരണോ പിൻവലിക്കണോ എന്ന കാര്യം റിപ്പോർട്ടിൽ കൃത്യമായി പറയുന്നില്ല. എന്നാൽ, പദ്ധതിയുടെ ഗുണം 2040ഓടെ മാത്രമേ സർക്കാരിന് ലഭിക്കൂവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്‌ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ മുതൽമുടക്കാമെന്നതാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുന്നത് കൊണ്ടുള്ള പ്രയോജനമായി റിപ്പോർട്ടിൽ പറയുന്നത്.

ജീവനക്കാർക്ക് കൂടിയ ആനുകൂല്യങ്ങൾ നൽകണമെന്നും റിപ്പോർട് നിർദ്ദേശിക്കുന്നു. പദ്ധതിയിൽ ഉൾപ്പെട്ട ഓരോ ജീവനക്കാരനും സംസ്‌ഥാന സർക്കാരിന്റെ പെൻഷൻ വിഹിതം ശമ്പളത്തിന്റെ പത്ത് ശതമാനമായി വർധിപ്പിക്കണം. കൂടാതെ, കേന്ദ്ര സർക്കാരിനും മറ്റുചില സംസ്‌ഥാന സർക്കാരുകൾക്കും സമാനമായി ഇവരുടെ ക്ഷാമബത്ത 14 ശതമാനമായും വർധിപ്പിക്കണം. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ചേർന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കണമെന്നും റിപ്പോർട് ശുപാർശ ചെയ്യുന്നു.

സമിതിയുടെ പഠനം കഴിഞ്ഞിട്ട് നാളുകളേറെയായെങ്കിലും സർക്കാർ റിപ്പോർട് പരസ്യമാക്കാതെ വെച്ചിരിക്കുക ആയിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ റിപ്പോർട് ഹരജിക്കാരന് കൈമാറിയത്. സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ നൽകിയ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

സർക്കാരിന്റെ ഭീമമായ പെൻഷൻ ബാധ്യത കുറയ്‌ക്കുക എന്ന ഉദ്ദേശത്തോടെ 2013 ഏപ്രിൽ ഉമ്മൻ‌ചാണ്ടി സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒന്നാം പിണറായി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എസ് സതീഷ് ചന്ദ്രബാബു ചെയർമാനായ സമിതിയിൽ പി മാര പാണ്ഡ്യൻ, ഡി നാരായണ എന്നിവരാണ് അംഗങ്ങൾ ആയിരുന്നത്.

ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സർക്കാർ വിഹിതയും ചേർത്ത് രൂപീകരിക്കുന്ന ഫണ്ടിൽ നിന്ന് പെൻഷൻ നൽകുന്ന രീതിയാണ് പങ്കാളിത്ത പെൻഷൻ. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ‘ന്യൂ പെൻഷൻ സ്‌കീം’ മാതൃകയിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് കേരളത്തിലും നടപ്പിലാക്കിയത്.

പദ്ധതി നടപ്പിലാക്കിയാൽ, അടിസ്‌ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ പത്ത് ശതമാനം ഓരോ ജീവനക്കാരിൽ നിന്നും അതത് മാസം സർക്കാർ പിടിക്കും. ഈ തുകയ്‌ക്ക് തത്തുല്യമായ തുക സർക്കാർ വിഹിതമായി നൽകും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യാൻ പ്രത്യേക അതോറിറ്റി രൂപീകരിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേർന്ന സംഖ്യ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷനായി നൽകും.

Most Read| ബന്ദികളുടെ മോചനത്തിൽ കാലതാമസം; ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE