കൊച്ചി: വിദ്വേഷ പ്രസംഗ കേസിലെ മുൻകൂർ ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ ഹരജി നൽകി. ഇന്ന് തന്നെ ഹരജി കോടതിയുടെ പരിഗണനക്ക് കൊണ്ടുവരാനാണ് നീക്കം. വസ്‌തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പിസി ജോർജ് ഹരജിയിൽ പറയുന്നു. ഹരജി ഹൈക്കോടതി ഉച്ചക്ക് ശേഷം പരിഗണിക്കും.
മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്‌ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പിസി ജോർജ് ഹരജിയിൽ പറയുന്നു. അതിനിടെ പിസി ജോർജ് കഴിഞ്ഞ മൂന്ന് ദിവസമായി ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. മൂന്ന് ദിവസമായി പിസി ജോർജിനായി അന്വേഷണ സംഘം തിരച്ചിൽ നടത്തുകയാണ്.
പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അന്വേഷണ സംഘം തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പിസി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പോയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിസി ജോർജിന്റെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിൽ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.
Most Read: ‘എക്‌സൈസ് സിവിൽ ഓഫിസർമാരായി 100 ആദിവാസി യുവതീ യുവാക്കൾ’