റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ പരാഗ്വായ്, ചിലി, ഉറുഗ്വായ് ടീമുകൾ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന കളിയിൽ ചിലിക്കെതിരെ നേടിയ ജയമാണ് പരാഗ്വായെ ക്വാർട്ടറിലേക്ക് നയിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പരാഗ്വയുടെ ജയം. തോറ്റെങ്കിലും ചിലിയും ക്വാർട്ടറിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
33ആം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ബ്രയിയാന് സമുദിയോയാണ് പരാഗ്വായുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 58ആം മിനിറ്റില്‍ മിഗ്വേല്‍ അല്മിറോണ് പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടിയതോടെ ചിലി തോൽവി ഉറപ്പിച്ചു. ഗ്രൂപ്പ് എയിൽ അർജന്റീനക്ക് പിന്നിൽ രണ്ടാമതാണ് പരാഗ്വായ്. ചിലിയാണ് മൂന്നാമത്. നാലാം സ്ഥാനത്തുള്ള ഉറുഗ്വായ് ഇന്നത്തെ ജയത്തോടെ ക്വാർട്ടർ പ്രവേശനം സാധ്യമാക്കി.
ബൊളീവിയക്ക് എതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ഉറുഗ്വായുടെ ജയം. ഗോളി കാര്‍ലോസ് ലാംപെയുടെ മിന്നും സേവുകളാണ് വലിയ തോൽവിയെന്ന നാണക്കേടിൽ നിന്ന് ബൊളീവിയയെ രക്ഷിച്ചത്. 22 ഷോട്ടുകളാണ് കവാനിയും സുവാരസുമടങ്ങുന്ന മുന്നേറ്റം തൊടുത്തുവിട്ടത്. തോറ്റതോടെ ബൊളീവിയ ടൂർണമെന്റിൽ നിന്ന് പുറത്തായി.
Read Also: ‘പെര്‍ഫ്യൂം’ ട്രെയിലറെത്തി: ശക്തമായ പ്രമേയം; കുടുംബപ്രേക്ഷകരെ ആകർഷിച്ചേക്കും









































