തലശ്ശേരി: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരൻമാർക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും വിധിച്ചു. ഉളിയിൽ പടിക്കച്ചാലിലെ ഖദീജയെ (28) കൊലപ്പെടുത്തിയ കേസിലാണ് സഹോദരങ്ങളായ കെഎൻ ഇസ്‌മയിൽ (38), കെഎൻ ഫിറോസ് (34) എന്നിവരെ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
അന്തിമവാദത്തിൽ ഖദീജയുടേത് ദുരഭിമാനക്കൊല അല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ, ദുരഭിമാനക്കൊല ആണെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. മറ്റു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
2012 ഡിസംബർ 12നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രണ്ടാം വിവാഹത്തിനൊരുങ്ങിയ ഖദീജയെ കൊലപ്പെടുത്തുകയും, കാമുകൻ കോഴിക്കോട് ഫറോക്കിലെ കോടമ്പുഴ ഷാഹുൽ ഹമീദിനെ (43) കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
പഴശ്ശി കുഴിക്കലിലെ ജസീല മൻസിലിൽ കെ. നൗഷാദ് ആയിരുന്നു ഖദീജയുടെ ഭർത്താവ്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. ഇതിനിടെയാണ് ഷാഹുൽ ഹമീദുമായി ഖദീജ സ്‌നേഹത്തിലാവുന്നത്. ഈ ബന്ധം ഒഴിവാക്കാനായി പറഞ്ഞെങ്കിലും പിൻമാറാത്തതിലുള്ള വിരോധമാണ് കൊലയ്‌ക്ക് കാരണമായത്. രണ്ടാം വിവാഹം നടത്താനെന്ന വ്യാജേന ഖദീജയെയും ഷാഹുൽ ഹമീദിനെയും നാട്ടിൽ എത്തിച്ചശേഷമാണ് അക്രമം നടത്തിയത്. ഷാഹുലിന് സാരമായി പരിക്കേറ്റിരുന്നു.
Most Read| പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്‌റ്റർ





































