കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് തിരിച്ചടി. വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരിന് അവകാശമില്ലെന്ന് പാലാ സബ് കോടതി ഉത്തരവിട്ടു. സർക്കാരിന്റെ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ സ്ഥലമല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ശബരിമല തീർഥാടകർക്ക് വേണ്ടി ഒരു പുതിയ വിമാനത്താവളം നിർമിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ, എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സർക്കാരും ഗോസ്പൽ ഫോർ ഏഷ്യയും (അയന ചാരിറ്റബിൾ ട്രസ്റ്റ്) കോടതിയെ സമീപിക്കുകയായിരുന്നു. വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകവെയാണ് ഇത്തരത്തിൽ തിരിച്ചടി നേരിട്ടത്. ആകെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് സർക്കാർ ഈ സ്ഥലം വാങ്ങുകയോ അല്ലെങ്കിൽ ട്രസ്റ്റ് വിട്ടുനൽകുകയോ ചെയ്യേണ്ടിവരും. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ സ്ഥലം. 1910ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ സ്ഥലം സർക്കാർ വക പാട്ടം വിഭാഗത്തിൽ പെട്ടതാണെന്നാണ് സർക്കാർ വാദിച്ചത്.
നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിൾ ട്രസ്റ്റിനാണ്. അവരുടെ മുൻഗാമികളായ ഹാരിസൺ നിയമവിരുദ്ധമായി ഭൂമി അയനയ്ക്ക് വിറ്റെന്നും ഭൂമി സർക്കാരിന്റേത് ആണെന്നുമാണ് റവന്യൂ വകുപ്പ് വാദം. എന്നാൽ, ഭൂമിയുടെ എല്ലാ രേഖകളും കൈവശം ഉണ്ടെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി




































