പത്തനംതിട്ട: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമായ ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സാമൂഹിക ആഘാത പഠന റിപ്പോർട് പരിശോധിച്ച വിദഗ്‌ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ ശുപാർശ ചെയ്‌തിരുന്നു. വിമാനത്താവളത്തിന് അനുയോജ്യമായ സ്‌ഥലമാണ് പദ്ധതി പ്രദേശം എന്ന കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന്റെ സ്‌ഥിരീകരണം സമിതി അംഗീകരിച്ചു. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്‌ധ സമിതി ശുപാർശ. സമയബന്ധിതമായ നഷ്‌ടപരിഹാരം, പുനരധിവാസം, എന്നിവ പ്രതീക്ഷിച്ചാണ് ഭൂരിഭാഗം പേരും പദ്ധതിയോട് യോജിച്ചതെന്നും സമിതി പറയുന്നു.
സാമൂഹ്യ നീതി ഉറപ്പാക്കുംവിധം പുനരധിവാസ പാക്കേജ് തയ്യാറാക്കമെന്നും സമിതി നിർദ്ദേശിച്ചിട്ടിട്ടുണ്ട്. പരിസ്‌ഥിതി ആഘാതങ്ങൾക്ക് കൃത്യമായ പരിഹാരം ഉണ്ടാക്കണം. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റാണ് സാമൂഹിക ആഘാത പഠനം നടത്തിയത്. പഠനത്തിലെ തെറ്റുകളും കുറവുകളും പൊരുത്തക്കേടുകളും സമിതി രേഖപ്പെടുത്തി. തുടർ നടപടികൾ പിഴവുകൾ പരിഹരിച്ചു കൊണ്ടാകണമെന്ന നിർദ്ദേശവുമുണ്ട്.
Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഡൊണാൾഡ് ട്രംപിന് വിലക്ക്