കൊല്ലം: സ്‌ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവർക്കാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരുവർക്കും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നരവർഷം മുൻപ് ഇത്തിക്കര ആറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2019 മാർച്ച് 21നാണ് 28-കാരിയായ തുഷാര മരിച്ചത്. പോസ്‌റ്റുമോർട്ടത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2013ൽ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാരയുടെയും വിവാഹം നടന്നത്. മൂന്നാം മാസം മുതൽ സ്‌ത്രീധന തുക ആവശ്യപ്പെട്ട് തുഷാരയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. സ്‌ത്രീധന തുകയിൽ കുറവ് വന്ന രണ്ടുലക്ഷം രൂപ നൽകിയില്ലെന്ന് പറഞ്ഞായിരുന്നു ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി പീഡിപ്പിച്ചത്.
പട്ടിണിക്കിട്ട് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. പൂയപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചന്തുലാലിനെയും മാതാവ് ഗീത ലാലിയെയും പ്രതിചേർത്തത്. അയൽക്കാരുടെയും തുഷാരയുടെ മൂന്നരവയസുള്ള മകളുടെ അധ്യാപികയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി