പാലക്കാട് : സമ്പർക്കം വഴിയുള്ളതും, ഉറവിടം അറിയാത്തതുമായ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് പാലക്കാട്. കൂടാതെ നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ കുറയാത്ത സ്‌ഥിതിയാണ്. കഴിഞ്ഞ ദിവസം 13.76 ശതമാനമാണ് ജില്ലയിൽ രേഖപ്പെടുത്തിയ ടിപിആർ.
ജില്ലയിൽ കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ കോവിഡ് സ്‌ഥിരീകരിച്ചത് 5,009 പേർക്കാണ്. ഇവരിൽ 3,042 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. അതായത് നിലവിൽ ജില്ലയിലെ 60.73 ശതമാനം കോവിഡ് കേസുകളും സമ്പർക്കത്തിലൂടെയാണ് ഉണ്ടാകുന്നത്. സമ്പർക്കവ്യാപനം കുറക്കാൻ സാധിക്കാത്തത് പോലെ ഉറവിടം അറിയാത്ത കോവിഡ് കേസുകൾ നിയന്ത്രിക്കാനും ജില്ലക്ക് നിലവിൽ കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് ജില്ലയിൽ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചത്. ഇതും നിലവിലെ സാഹചര്യം രൂക്ഷമാക്കുകയാണ്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ടിപിആർ 18 ശതമാനത്തിന് മുകളിലുള്ള 30 തദ്ദേശ സ്‌ഥാപനങ്ങൾ ജില്ലയിലുണ്ട്. സംസ്‌ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്ന ജില്ലകളിൽ ഒന്നാണ് ഇപ്പോൾ പാലക്കാട്.
Read also : ബലാൽസംഗ കേസ്; മയൂഖ ജോണിയുടെ പരാതിയിൽ യുവതിയുടെ മൊഴിയെടുക്കും








































