മലപ്പുറം : കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ കണ്ടെയ്ൻമെന്റ് സോണായ പഞ്ചായത്തിൽ രോഗവ്യാപനം വീണ്ടും ഉയർന്ന പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പോലീസും, ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം.
നിലവിൽ പഞ്ചായത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. ഇത് 25 ശതമാനം ആയി കുറയുന്നത് വരെ കർശന നിയന്ത്രണങ്ങൾ തുടരാനാണ് അധികൃതരുടെ തീരുമാനം. അവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും, അവശ്യ വസ്‌തുക്കൾ വിൽക്കുന്ന കടകൾ നിശ്‌ചിത സമയത്തിന് ശേഷം അടക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
രോഗവ്യാപനം കണ്ടെത്തുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശോധനകൾ ശക്‌തമാക്കും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകളെ കണ്ടെത്തുന്നതിനായി പ്രത്യേക സ്‌ക്വാഡിനെയും പഞ്ചായത്തിൽ രൂപീകരിച്ചു. കൂടാതെ മരുന്നുകളും മറ്റും അത്യാവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്‌തമാക്കി.
Read also : രാജ്യത്ത് 5,424 പേർക്ക് ബ്‌ളാക്ക് ഫംഗസ് ബാധ; 18 സംസ്‌ഥാനങ്ങളിൽ രോഗബാധിതർ








































