ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും, അതിനാൽ നിലവിലെ സാഹചര്യം മനസിലാക്കി ജനങ്ങൾ പെരുമാറണമെന്നും വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകൾ കർശനമായും പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും, മാസ്‌കുകൾ കൃത്യമായി ധരിക്കണമെന്നും, ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
രാജ്യത്തെ കോവിഡ് കേസുകളിൽ 50 ശതമാനത്തിലധികം കേസുകളും നിലവിൽ മഹാരാഷ്‌ട്രയിലും, കേരളത്തിലുമാണ്. നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ 8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയെങ്കിലും രോഗവ്യാപനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ രാജ്യത്തെ ഗർഭിണികളായ സ്‌ത്രീകളും വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും, ഇതിനാവശ്യമായ മാർഗ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ 66 ജില്ലകളിലാണ് നിലവിൽ 10 ശതമാനത്തിന് മുകളിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ പ്രതിദിനം രോഗബാധിതർ വർധിക്കുന്നുണ്ട്. ഇത് വലിയ ആശങ്കകളാണ് സൃഷ്‌ടിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Read also : പുതിയ ഐടി ചട്ടങ്ങൾ പാലിക്കാത്തതിൽ കർശന നടപടി പാടില്ല; കേന്ദ്രത്തോട് കേരള ഹൈക്കോടതി