ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വീണ്ടും ഉയർച്ച തുടരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ 8 സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്സിനേഷന് വേഗത്തിലാക്കാനുമാണ് സംസ്ഥാനങ്ങൾക്ക് നിദേശം നൽകിയിരിക്കുന്നത്. ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപനം കൂടുതലായുള്ളത്.
രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനായി ‘ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്’എന്ന സമീപനം ശക്തമായി പിന്തുടരാന് സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിലവിൽ രോഗവ്യാപനം ഉയർന്ന് നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, നീതി ആയോഗ് അംഗം ഡോക്ടർ വിനോദ് പോള്‍ എന്നിവര്‍ ആശയവിനിമയം നടത്തി. കൂടാതെ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിനേഷന് തോത് വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വാക്സിൻ വിതരണം വേഗത്തിലാക്കുന്നതിനായി സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരം ഇടങ്ങളില്‍ പരമാവധി ഡോസ് വാക്സിന് നല്‍കണം. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ ജില്ലാ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണം. നിരീക്ഷണം ശക്തിപ്പെടുത്തുകയും കണ്ടെയ്ന്മെന്റ് സോണുകൾ ഏര്‍പ്പെടുത്തുകയും ചെയ്യണം തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ ചില സംസ്ഥാനങ്ങളിൽ നിലവിൽ കോവിഡ് പരിശോധനകൾ കുറയുന്നതായും, ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി ഭീഷണിയാകുന്നുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
Read also : പാലാരിവട്ടം പാലം നാളെ തുറക്കും; കരാർ കമ്പനിയെ പ്രശംസിച്ച് മുഖ്യമന്ത്രി