വയനാട്: തടവുകാർക്കും, ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ജയിലിൽ പുതിയ തടവുകാരെ പ്രവേശിപ്പിക്കില്ല. ജയിലിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെയാണ് പുതിയ തടവുകാർക്ക് പ്രവേശനമില്ലാത്തത്. നിലവിൽ ജില്ലാ ജയിലിലെ 11 തടവുകാർക്കും, 8 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജയിലിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ 60 വയസിന് മുകളിലുള്ള ഒരു തടവുകാരനെ നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ കോവിഡ് വ്യാപനം മുന്നിൽ കണ്ട് നേരത്തെ തന്നെ വനിതാ ജയിലായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും തടവുകാരെയും, ജീവനക്കാരെയും ഒഴിപ്പിച്ച് കെട്ടിടം സിഎഫ്എൽടിസി ആയി മാറ്റിയിരുന്നു.
ജയിലിലെ കോവിഡ് ബാധിതരായ ആളുകളെ പരിശോധിക്കുന്നതിനായി മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം ഇവിടെയെത്തുന്നുണ്ട്. നിലവിൽ കോവിഡിനെ തുടർന്ന് തടവുകാരെ പ്രവേശിപ്പിക്കാത്തതിനാൽ പുതിയ തടവുകാരെ വൈത്തിരി സബ് ജയിലിലാണ് പ്രവേശിപ്പിക്കുന്നത്.
Read also: രാജ്യം വാക്സിനേഷനിൽ റെക്കോർഡിട്ടപ്പോൾ ഒരു രാഷ്ട്രീയ പാർടിക്ക് പനി വന്നു; പരിഹാസവുമായി മോദി





































