മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പൊതുസ്വതന്ത്രനെ മൽസരിപ്പിക്കാൻ എൽഡിഎഫ് നീക്കം. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കും. ഷിനാസുമായി എൽഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മൽസരിക്കുന്നതിൽ ഷിനാസിന് എതിർപ്പില്ലെന്നാണ് വിവരം.
ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മൽസരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നത്. ആദിവാസി മേഖലയിൽ ഉൾപ്പടെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് ഷിനാസ്. ആദിവാസി മേഖലയിൽ പ്രവർത്തിച്ചിരുന്ന ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഷാനവാസിന്റെ സഹോദരൻ കൂടിയാണ് ഷിനാസ്. പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനായ സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.
ഇന്ത്യൻ മുൻ ഫുട്‍ബോൾ താരം യു ഷറഫലി, ജില്ലാ പഞ്ചായത്തംഗം ഷെറോണ, മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൽ തോമസ് മാത്യൂ എന്നിവരുടെ പേരുകളാണ് സിപിഎമ്മിന്റെ പരിഗണനയിൽ ഉണ്ടായിരുന്നത്. നാളെ സെക്രട്ടറിയേറ്റ് ചേരാനിരിക്കെ ഷിനാസ് ബാബുവിന്റെ പേരിലേക്ക് അന്തിമമായി എത്തിയെന്നാണ് വിവരം.
അൻവറിന്റെ രാഷ്‌ട്രീയ വഞ്ചനയ്‌ക്കെതിരെ നിലമ്പൂരിൽ വിധിയെഴുതും എന്നാണ് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആത്‌മവിശ്വാസം പങ്കുവെച്ചത്. അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതിരഞ്ഞെടുപ്പ്. നിലമ്പൂർ വലതുപക്ഷ കോട്ടയല്ല. രാഷ്‌ട്രീയ വഞ്ചനയ്‌ക്ക് നിലമ്പൂർ ജനത കൂട്ടുനിൽക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. നിലമ്പൂരിൽ സർക്കാരിന്റെ ഭരണമികവ് നേട്ടമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം തന്നെ സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ആര്യാടൻ ഷൗക്കത്ത് സ്‌ഥാനാർഥി ആകുന്നതിനെതിരെ പിവി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്‌ചിതത്വങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഷൗക്കത്തിനെ മാറ്റേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. അതേസമയം, എൻഡിഎ സ്‌ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!