കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഐഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നു. കേസിലെ ഒന്നാം പ്രതി സികെ ഗോപാലകൃഷ്‌ണനോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് പോലീസ് നിർദ്ദേശം നൽകി.
കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറിയായ ഗോപാലകൃഷ്‌ണന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചത്. ഗോപാലകൃഷ്‌ണൻ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. വീട്ടിൽ നിന്ന് ഇയാളുടെ ഫോൺ കണ്ടെടുത്തെന്നും വിശദപരിശോധനയ്‌ക്ക് അയക്കുമെന്നും പോലീസ് വ്യക്‌തമാക്കി.
ഗോപാലകൃഷ്‌ണന്റെ ഫേസ്ബുക്ക് പേജിൽ നിന്നാണ് തനിക്കെതിരെ വ്യാജ പ്രചാരണം ആരംഭിച്ചതെന്ന് ആരോപിച്ചു ഷൈൻ നൽകിയ പരാതിയിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസാണ് കേസെടുത്തത്. ഗോപാലകൃഷ്‌ണൻ ഒന്നാം പ്രതിയും യൂട്യൂബറായ കെഎം ഷാജഹാൻ രണ്ടാം പ്രതിയുമാണ്. ഇവർക്ക് പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ ഇന്ന് കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തി.
യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് കേസ്. മെട്രോ വാർത്താ പത്രത്തിനെതിരെയും കേസുണ്ട്. ഷൈനിനും വൈപ്പിൽ എംഎൽഎ കെഎൻ ഉണ്ണികൃഷ്‌ണനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ തുടർന്ന് പോലീസ് കഴിഞ്ഞദിവസം ഇരുവരുടെയും മൊഴിയെടുത്തിരുന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി