പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉൽഘാടനം ചെയ്യും. രക്‌തസാക്ഷി സ്‌മൃതികുടീരങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ച കൊടിമര-പതാക-ദീപശിഖാ ജാഥകൾ ഇന്നലെ വൈകിട്ട് പൊതുസമ്മേളനം നടക്കുന്ന കോട്ടമൈതാനത്ത് എത്തിയതോടെയാണ് പാലക്കാട് ജില്ലാ സമ്മേളന നടപടികൾ തുടങ്ങിയത്.
177 പ്രതിനിധികളും 41 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിന്റെ ഭാഗമാകും. കീഴ്ഘടകങ്ങളിലെ വിഭാഗീയതയും സഹകരണ ബാങ്ക് അഴിമതിയും ജില്ലാ സമ്മേളനത്തിൽ ചൂടേറിയ ചർച്ചയ്‌ക്ക് വഴിവെക്കുമെന്നതിനാൽ ജില്ലയ്‌ക്ക് പുറത്തേക്കും പാലക്കാട് സമ്മേളനത്തിന്റെ വാർത്തകൾ ചർച്ചയാവുന്നുണ്ട്. ലോക്കൽ, ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയും, കണ്ണമ്പ്ര, ഒറ്റപ്പാലം സഹകരണ ബാങ്ക് അഴിമതികളും നേതാക്കൾക്കെതിരായ നടപടികളും ചർച്ചയായേക്കാം.
പിരായരിയിലെ സമ്മേളന നഗറിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിൻമേൽ രണ്ട് ദിവസം ചർച്ച നടക്കും. പികെ ശശി പക്ഷത്തിന്റെ അപ്രമാദിത്യം അംഗീകരിക്കേണ്ടതില്ലെന്ന് സംസ്‌ഥാന നേതൃത്വം തീരുമാനിച്ചാൽ സ്‌ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറിക്ക് പകരക്കാരനായി എൻഎൻ കൃഷ്‌ണദാസ് എത്തിയേക്കും.
Most Read: പറവൂരിലെ യുവതിയുടെ കൊലപാതകം; ജിത്തുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും