പാലക്കാട്: ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ എകെ ബാലനെതിരെ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്. തിരഞ്ഞെടുപ്പ് കാലമാണിതെന്നും ഈ കാലത്ത് നേതാക്കൾ നടത്തുന്ന പ്രസ്‌താവനയിൽ ജാഗ്രത വേണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു.
നേരത്തെയും തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായിട്ടുണ്ടെന്നും സെക്രട്ടറിയേറ്റിൽ അഭിപ്രായമുയർന്നു. ഇത്തരം പ്രസ്‌താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കും. ജാഗ്രത പാലിച്ചുവേണം നേതാക്കളുടെ പ്രതികരണം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു.
അതേസമയം, വിവാദ പരാമർശത്തിൽ ബാലനെ ന്യായീകരിച്ചുകൊണ്ടുള്ള നിലപാടായിരുന്നു ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നിലൊരു മാതൃകയാണ്. വർഗീയ സംഘർഷങ്ങളും കലാപങ്ങളുമില്ല. എന്നാൽ, അതിൽ നിന്ന് വ്യത്യസ്‌തമായ ചിത്രം കേരളത്തിന് ഉണ്ടായിരുന്നു. അതായിരുന്നു എകെ ബാലൻ ഓർമിപ്പിച്ചതെന്നാണ് താൻ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്കായിരിക്കും എന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമാണ് എകെ ബാലൻ പ്രസ്‌താവന നടത്തിയിരുന്നത്. ഇതാണ് വലിയ വിവാദമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എകെ ബാലൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആരോപണം.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം








































