ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസ്‌താവന നടത്തിയ മുൻ മന്ത്രി ജി സുധാകരനെ തള്ളി സിപിഎം. സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ജി സുധാകരനെ പോലെയുള്ളവർ പറയുമ്പോൾ ശ്രദ്ധിച്ച് പറയണമെന്നും ഗോവിന്ദൻ പറഞ്ഞു.
ജനാധിപത്യം അട്ടിമറിക്കാനുള്ള ഒരുതരത്തിലുള്ള പ്രവർത്തനത്തിനും സിപിഎം അന്നുമില്ല, ഇന്നുമില്ല, നാളെയുമുണ്ടാകില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അതിന് എന്തിനാണ് പാർട്ടിയുടെ പിന്തുണയെന്നും പ്രസ്‌താവന സുധാകരൻ തന്നെ തിരുത്തിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
യുവ അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതിയായ ബെയ്‌ലിൻ ദാസ് ഇടതുപക്ഷക്കാരനല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പ്രതിക്ക് ഇടതുബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
അതിനിടെ, തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പടെയുള്ള കുറ്റങ്ങൻ ചുമത്തി ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കലക്‌ടർ നിർദ്ദേശം നൽകിയിരുന്നു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’