തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം. പദ്ധതിയിൽ ഒപ്പിട്ടത് നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്‌തമാക്കി. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടി സിപിഐ ആലോചിക്കുമ്പോഴാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം വ്യക്‌തമാക്കിയിരിക്കുന്നത്.
അതേസമയം, സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് ഉയരുന്ന ആശങ്കകൾ ചർച്ച ചെയ്‌ത് പരിഹരിക്കാനും സെക്രട്ടറിയേറ്റിൽ തീരുമാനമായി. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ 29ന് ശേഷം സിപിഐ സംസ്‌ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തും. എന്തുകൊണ്ടാണ് പദ്ധതിയിൽ ഒപ്പിടേണ്ടി വന്നതെന്ന കാര്യം സിപിഐയെ ബോധ്യപ്പെടുത്തും.
പദ്ധതി സംബന്ധിച്ച് മുന്നണിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്നത് ശരിയാണ്. സിപിഐ അവരുടെ അഭിപ്രായം പറഞ്ഞു. സിപിഐ മുന്നണിയിലെ പ്രധാനിയാണ്. അവരുടെ അഭിപ്രായം കേൾക്കും. തുടർതീരുമാനം മുന്നണിയോഗം ചർച്ച ചെയ്‌ത ശേഷമാകും ഉണ്ടാകുക. മുന്നണിയിൽ അനൈക്യം ഇല്ലെന്നും ടിപി രാമകൃഷ്‌ണൻ കോഴിക്കോട് പറഞ്ഞു.
Most Read| സുരക്ഷാ പരിശോധനകൾക്ക് തുടക്കം; സ്‌റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ഉടൻ







































