ന്യൂഡെൽഹി: കെ സുധാകരനെ നിലനിർത്തുമോ അതോ പുതിയ ആളെ കെപിസിസി സംസ്‌ഥാന അധ്യക്ഷ പദവിയിലേക്ക് നിയമിക്കുമോയെന്ന ആകാക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. സംസ്‌ഥാന കോൺഗ്രസിന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണെന്നാണ് റിപ്പോർട്.
എഐസിസി ആസ്‌ഥാനത്താണ് നിർണായക ചർച്ചകൾ പുരോഗമിക്കുന്നത്. ഇന്ന് രാത്രിയോടെ തന്നെ കെപിസിസി പ്രസിഡണ്ടിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ജാർഖണ്ഡിൽ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഡെൽഹിയിൽ തിരിച്ചെത്തിയ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പാർട്ടി ആസ്‌ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതിനിടെ, ഡെൽഹിയിലെത്തിയ എഐസിസി പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് അന്തിമഘട്ടത്തിൽ പരിഗണനയിലുള്ളത്. അതേസമയം, മാറേണ്ട സാഹചര്യമില്ലെങ്കിലും ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുധാകരൻ കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു,
പാർട്ടിയെ സുധാകരൻ മികച്ച രീതിയിൽ നയിച്ചെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ, അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ, തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലേക്ക് പാർട്ടി കടക്കാനിരിക്കെ പുതിയ നേതൃത്വം വരുന്നതാണ് ഉചിതമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഒമ്പതാം തീയതിക്കകം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ