ചെർപ്പുളശ്ശേരി: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ചെർപ്പുളശ്ശേരിയിൽ യുവാവിനെതിരെ കേസ്. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിനെതിരെയാണ് (32) ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് പ്രകാരമാണ് ഷജീറിനെതിരെ പോലീസ് കേസെടുത്തത്.
ഓട്ടോ ഡ്രൈവറാണ് ഷജീർ. പൂച്ചയ്ക്ക് ആദ്യം പലഹാരം കൊടുക്കുന്നതും തുടർന്ന് ഇതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേർതിരിച്ച ശേഷം ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചുപരത്തുന്ന ദൃശ്യങ്ങളാണ് ഷജീർ സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉൾപ്പടെ വെച്ചാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. മൃഗസ്നേഹിയും അനിമൽ റെസ്ക്യൂ പഴ്സനുമായ തിരുവാഴിയോട് ഇയ്യള വീട്ടിൽ ജിനേഷ് (38) ആണ് ഷജീറിനെതിരെ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ ഷജീർ സ്റ്റേഷനിൽ ഹാജരായതായാണ് വിവരം.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം





































