മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവം നടക്കുമ്പോൾ ഹർഷിദ് ആണ് കാർ ഓടിച്ചത് എന്നാണ് വിവരം.
നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. മറ്റുരണ്ടുപേർ ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇവരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇന്നലെ രാത്രി വൈകിയും പോലീസ് പരിശോധന നടത്തിയിരുന്നു.
ബെംഗളൂരുവിൽ നിന്ന് കൽപ്പറ്റയിലേക്ക് വരികയായിരുന്ന ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദും അഭിരാമും പിടിയിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാട് മാനന്തവാടി കൂടൽകടവ് ചെമ്മാട് ഉന്നതിയിലെ ആദിവാസി യുവാവ് മാതനെയാണ് കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പയ്യംമ്പള്ളി കൂടൽകടവിൽ തടയണ കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ഇത് തടയാനെത്തിയപ്പോഴാണ് കാറിന്റെ ഡോറിൽ കൈ കുടുക്കി മാതനെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയത്. പിന്നാലെ വന്ന കാർ യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. പിന്നീട് കാർ ഉപേക്ഷിച്ചു പ്രതികൾ കടന്നുകളയുകയായിരുന്നു.
പ്രതികൾ സഞ്ചരിച്ച സെലേറിയോ കാർ നേരത്തെ മാനന്തവാടി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണിയാമ്പറ്റയിൽ നിന്നാണ് കാർ കണ്ടെടുത്തത്. കൈക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ







































