കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ റജിസ്ട്രാറോട് വിശദീകരണം തേടി ഹൈക്കോടതി. കുസാറ്റിലെ ടെക് ഫെസ്‌റ്റിന് മുൻപ് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു നൽകിയ കത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്‌തമാക്കാനാണ് രജിസ്ട്രാറിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ് ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. കുസാറ്റ് ക്യാമ്പസിലെ ടെക് ഫെസ്‌റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്‌തമാക്കിയത്.
ടെക് ഫെസ്‌റ്റിന്റെ കാര്യം പോലീസിനെ അറിയിക്കുന്നത് ഉൾപ്പടെ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പൽ രജിസ്‌ട്രാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്ത് രജിസ്‌ട്രാർ അവഗണിക്കുക ആയിരുന്നു എന്നാണ് പ്രിൻസിപ്പലിന്റെ വാദം.
എന്നാൽ, താനടക്കം മൂന്ന് അധ്യാപകരെ ബലിയാടാക്കി രജിസ്ട്രാറെ സംരക്ഷിക്കാനാണ് ശ്രമമെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സാഹു കോടതിയിൽ ആവശ്യപ്പെട്ടു. ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ നൽകിയ ഹരജിയാണ് ഹൈക്കോടതി മുമ്പാകെ ഉള്ളത്.
പരിപാടിക്ക് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് പോലീസ് നിലപാട്. എന്നാൽ, പോലീസിനെ അറിയിച്ചിരുന്നുവെന്ന് കുസാറ്റ് അധികൃതരും നിലപാടെടുത്തു. അതിനിടെയാണ്, കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് നൽകിയ കത്ത് പുറത്തുവന്നത്. കേസ് ഇനി ഈ മാസം 15ന് പരിഗണിക്കും.
Most Read| ‘തമിഴക വെട്രി കഴകം’; രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് വിജയ്