ന്യൂഡെൽഹി: ഇന്ത്യയും പാക്കിസ്‌ഥാനും വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ കടുത്ത സൈബറാക്രമണം. മിസ്രിയെയും അദ്ദേഹത്തിന്റെ മകൾക്ക് നേരെയും അധിക്ഷേപകരമായ കമന്റുകളാണ് സൈബറിടത്തിൽ ഒരുവിഭാഗം ആളുകളിൽ നിന്നുണ്ടായത്. ഇതോടെ മിസ്രി എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്‌തു.
വെടിനിർത്തൽ തീരുമാനം ഉൾപ്പടെ മാദ്ധ്യമങ്ങളോട് വിശദീകരിച്ച മിസ്രിയെ, ഈ തീരുമാനങ്ങൾ കൈക്കൊണ്ടയാളെന്ന നിലയിലാണ് ഒരുവിഭാഗം വിമർശിക്കുന്നത്. വെടിനിർത്തൽ പ്രാബല്യത്തിലായ ശേഷം പാക്കിസ്‌ഥാൻ ഇത് ലംഘിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെയായിരുന്നു അധിക്ഷേപം. വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളുമാണ് മിസ്രിക്കുനേരെ അഴിച്ചുവിട്ടത്.
മകളുടെ പൗരത്വവും അഭിഭാഷകയെന്ന നിലയിൽ റോഹിൻഗ്യകൾക്ക് വേണ്ടി നടത്തിയിട്ടുള്ള ഇടപെടലുകളും ഒരുവിഭാഗം ആരോപണത്തിന് ആയുധമാക്കി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്‌ഥൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാംശിക്കെതിരെയും സൈബറാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ മുസ്‌ലിംകളെ ലക്ഷ്യമിടുന്നതിനെതിരെ സംസാരിച്ചതിനാണ് അവർക്കെതിരെ ഒരുവിഭാഗം തിരിഞ്ഞത്.
അതിനിടെ, മിസ്രിക്ക് പിന്തുണയുമായി മുൻ സഹപ്രവർത്തകർ, പ്രതിപക്ഷം, സിവിൽ സർവീസ് ഉദ്യോഗസ്‌ഥരുടെ കൂട്ടായ്‌മയും രംഗത്തുവന്നു. സത്യസന്ധമായി രാജ്യത്തിനായി അധ്വാനിക്കുന്ന മാന്യനാണ് മിസ്രിയെന്നും നേതൃത്വം കൈക്കൊണ്ട തീരുമാനത്തിന് ഉദ്യോഗസ്‌ഥനെ പഴിക്കരുതെന്നും എഐഎംഐഎം നേതാവ് അസറുദ്ദീൻ ഉവൈസി പറഞ്ഞു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ







































