മാഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് സ്വകാര്യ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ സ്വതന്ത്ര എംഎൽഎ ആയ ശിവശങ്കർ 29.1 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ പുതുച്ചേരി കോടതി വിധിച്ചു. 2020 ജൂൺ 10ന് രാത്രി പുതുച്ചേരി നഗരത്തിന് സമീപം മുളക്കുളത്തിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രാജശേഖരൻ (54) എന്ന സ്വകാര്യ കമ്പനി ജീവനക്കാരനെ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് അന്വേഷണത്തിലാണ് വാഹന ഉടമ വ്യാപാര സംഘടനാ നേതാവും പ്രമുഖ വ്യാപാര സ്‌ഥാപനങ്ങളുടെ ഉടമസ്‌ഥനുമായ ശിവശങ്കർ എംഎൽഎ ആണെന്ന് മനസിലാകുന്നത്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന് ബോധ്യമായതിനെ തുടർന്ന് ഇത് സംബന്ധിച്ച വകുപ്പുകൾ കൂടി ചേർത്ത് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ദിവസം ആണ് പുതുച്ചേരി കോടതി വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഉഴവർകരൈ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച ശിവശങ്കർ പ്രമുഖരായ മുന്നണി സ്‌ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് എംഎൽഎ ആയത്.
Most Read: വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യ്‌ക്കെതിരെ മാലാ പാർവതി, രാജിവെച്ചു








































