പാലക്കാട്: ജില്ലയിലെ ഒലിപ്പാറയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ തോക്ക് ലൈസൻസുള്ള രണ്ടു പേരെ നിയോഗിച്ച് വനംവകുപ്പ്. ഒലിപ്പാറയിൽ കർഷകൻ പന്നിയുടെ കുത്തേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചത്. അയിലൂർ ഒലിപ്പാറ സ്വദേശി മാണിയാണ് (75) മരിച്ചത്. രാവിലെ ടാപ്പിങ്ങിന് പോയപ്പോഴാണ് കർഷകന് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
വണ്ടാഴി നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കർഷകൻ മരിച്ചത്. അതേസമയം, കഴിഞ്ഞമാസം കോഴിക്കോട് കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വനപാലകരുടെ അനുമതിയോടെ വെടിവെച്ച് കൊന്നിരുന്നു. താമരശ്ശേരി ചുങ്കം ചെക്ക്പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിന്റെ പറമ്പിലെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെയാണ് കരയിൽ വെടിവെച്ചു കൊന്നത്.
താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണ്. രാത്രിയിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കാർഷിക ഉൽപ്പന്നങ്ങൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. കാട്ടുപന്നികൾ വെടിവെയ്ക്കാൻ ഉത്തരവ് ഉണ്ടെങ്കിലും അപേക്ഷ നൽകി കാത്തിരിക്കേണ്ടി വരുന്നതോടെ കൃഷി മൊത്തത്തിൽ പന്നികൾ നശിപ്പിക്കുന്നതായും കർഷകർ പരാതിപ്പെടുന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇതുവരെയും നാമമാത്രമായ കാട്ടുപന്നികളെ മാത്രമേ വെടിവെയ്ക്കാനായിട്ടുള്ളു.
Most Read: രോഗബാധ 7,224, പോസിറ്റിവിറ്റി 9.89%, മരണം 47







































