കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കോളേജ് ഡീൻ എംകെ നാരായണനും അസിസ്‌റ്റന്റ് വാർഡൻ കാന്തനാഥനും ഇന്ന് നിർണായക ദിനം. സംഭവത്തിൽ വിശദീകരണം തേടി വൈസ് ചാൻസലർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ഇരുവരും ഇന്ന് മറുപടി നൽകും.
ഹോസ്‌റ്റലിലും ക്യാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്‌ക്ക് മുൻപ് കാരണം ബോധിപ്പിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ, ഇരുവരുടെയും അഭ്യർഥന മാനിച്ച് ഇന്ന് രാവിലെ പത്തരവരെ സമയം നീട്ടി നൽകി. ഇവർ നൽകുന്ന വിശദീകരണത്തിന് അനുസരിച്ചാകും ഇരുവർക്കും എതിരായ നടപടി ഉണ്ടാവുക.
നിലവിൽ കേസിലെ മുഴുവൻ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇന്നലെ 18 പ്രതികൾക്കെതിരെയും ക്രിമിനൽ ഗൂഢാലോചനാക്കുറ്റം കൂടി ചുമത്തിയിരുന്നു. പ്രതികൾക്കെതിരെ ശക്‌തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഗൂഢാലോചനാക്കുറ്റം ചുമത്തിയത്. അതിനിടെ, തുടർച്ചയായി ഉണ്ടാകുന്ന പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് ഇന്ന് മുതൽ അടച്ചിട്ടിരിക്കുകയാണ്.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്







































