വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം അടക്കം ആറുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെഎസ് സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയും ക്രൂരമർദ്ദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് ആത്മഹത്യ ചെയ്തത്. കേസിൽ, ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്, ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണ, റാഗിങ്, മർദ്ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച എട്ടുപേരിൽ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളേജ് യൂണിയൻ പ്രസിഡണ്ട് കെ അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 12 പേർ ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒളിവിൽപ്പോയ പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുമെന്നും പോലീസ് പറഞ്ഞു.
ഇതിനിടെ, പ്രതികളായ നാല് എസ്എഫ്ഐക്കാരെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അറിയിച്ചു. നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കെ വിവസ്ത്രനാക്കി ബെൽറ്റ് കൊണ്ട് അടിച്ചുവെന്നാണ് സിദ്ധാർഥന്റെ അമ്മ പറഞ്ഞത്. സിദ്ധാർഥനെ കൊന്നതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഫെബ്രുവരി 18നാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 22നാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ പ്രസിഡണ്ടും അടക്കം 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.
ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി ആയിരുന്നു മർദ്ദനം. രണ്ടു ബെൽറ്റുകൾ മുറിയുന്നത് വരെ മർദ്ദിച്ചു. തുടർന്ന് ഇരുമ്പ് കമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സിദ്ധാർഥനെ മർദ്ദിച്ചതടക്കമുള്ള കാര്യങ്ങളെല്ലാം കോളേജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നുവെന്നും ആരോപണമുണ്ട്.
Most Read| സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്








































