വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല ഇന്ന് തുറക്കും. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്‌ചാത്തലത്തിൽ കോളേജ് താൽക്കാലികമായി അടച്ചിരുന്നു. മാർച്ച് നാലിനായിരുന്നു കോളേജ് അടച്ചത്. മാർച്ച് അഞ്ചുമുതൽ 10 വരെ റഗുലർ ക്ളാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്‌ടർ ഉത്തരവിറക്കിയിരുന്നു.
ഈ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിരുന്നു. സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ വിസി എംആർ ശശീന്ദ്രനാഥിനെ ഗവർണർ സസ്‌പെൻഡ് ചെയ്‌തിരുന്നു. പകരം ഡോ. പിസി ശശീന്ദ്രന് താൽക്കാലിക ചുമതല നൽകിയിരുന്നു. കോളേജ് ഇന്ന് തുറക്കുന്ന സാഹചര്യത്തിൽ ക്യാമ്പസിലും ഹോസ്‌റ്റലിയുമായി അഞ്ചിടത്ത് സിസിടിവി ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. സംഘർഷ സാധ്യത ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ, സിദ്ധാർഥന്റെ മരണത്തിൽ കേസ് അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്‌തിരുന്നു. അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!








































