വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ആറുപേർ അറസ്റ്റിൽ. മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടുപേരിൽ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്, ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, മറ്റു പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഇതുവരെയും പോലീസ് പിടികൂടിയിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെ ഉള്ളവരെയാണ് പിടികൂടാനുള്ളത്. സംഭവം ആദ്യം മുതലേ ഒതുക്കി തീർക്കാനാണ് ക്യാമ്പസ് അധികൃതരും പോലീസും ശ്രമിച്ചത്. വിദ്യാർഥികൾക്ക് ഉൾപ്പടെ ഒരു കാര്യവും പുറത്തുപറയരുതെന്ന് നിർദ്ദേശം നൽകി. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നതോടെയാണ് സിദ്ധാർഥൻ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് തെളിഞ്ഞത്.
പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന സിദ്ധാർഥൻ എസ്എഫ്ഐയുടെ കണ്ണിലെ കരടായിരുന്നുവെന്ന് ക്യാമ്പസിലെ വിദ്യാർഥികളിലൊരാൾ പറഞ്ഞു. ഒരു വിദ്യാർഥി സംഘടനയോടും പ്രത്യേക ആഭിമുഖ്യം പുലർത്താതിരുന്ന സിദ്ധാർഥൻ ക്യാമ്പസിൽ എസ്എഫ്ഐ നടത്തിയിരുന്ന പഠിപ്പ് മുടക്കൽ ഉൾപ്പടെയുള്ള സമരങ്ങൾക്കും എതിരായിരുന്നു.
ഫെബ്രുവരി 14നാണ് സിദ്ധാർഥൻ ആക്രമണത്തിന് ഇരയായത്. 13ന് ക്യാമ്പസിലെ ഒരു വിദ്യാർഥിനിയോട് സിദ്ധാർഥൻ പ്രണയാഭ്യർഥന നടത്തിയതോടെയാണ് എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെയുള്ള വിദ്യാർഥികൾ സിദ്ധാർഥനെ മർദ്ദിക്കാൻ തീരുമാനിച്ചത്. 14ന് നടന്ന വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥിനികൾക്കൊപ്പം സിദ്ധാർഥൻ നൃത്തം ചെയ്തതും മർദ്ദനത്തിന് കാരണമായി.
നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കെ വിവസ്ത്രനാക്കി ബെൽറ്റ് കൊണ്ട് അടിച്ചുവെന്നാണ് സിദ്ധാർഥന്റെ അമ്മ പറഞ്ഞത്. സിദ്ധാർഥനെ കൊന്നതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഫെബ്രുവരി 18നാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 22നാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ പ്രസിഡണ്ടും അടക്കം 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.
റാഗിങ്ങിന്റെ പേരിലായിരുന്നു സസ്പെൻഷൻ. 26നാണ് സിദ്ധാർഥൻ ക്രൂര മർദ്ദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട് വന്നത്. 24 വരെ ആരോപണ വിധേയരായ വിദ്യാർഥികൾ ക്യാമ്പസ് പരിസരത്ത് തന്നെയുണ്ടായിരുന്നു. പോലീസിന്റെയും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെയാണ് ഇവർ ഒളിവിൽ പോയതെന്നാണ് ആരോപണം. ഇന്ന് അറസ്റ്റിലായ ആറുപേരും സസ്പെൻഡ് ചെയ്യപ്പെട്ട 12 പേരിൽ ഉൾപ്പെടുന്നവരല്ല.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം








































