ഇടുക്കി: ഉടുമ്പഞ്ചോലയിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫാണ് മരിച്ചത്. ജോസഫിന്റെ മരണം കൊലപതകമാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം നടന്നത്. ചെമ്മണ്ണാർ കൊന്നക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണത്തിനിടെ ഓടിരക്ഷപ്പെട്ട ജോസഫിനെ രാജേന്ദ്രന്റെ വീടിന്റെ നൂറു മീറ്റർ അകലെ മറ്റൊരു വീട്ടുമുറ്റത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകം തന്നെയാണെന്ന് തന്നെയായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
തുടർന്ന്, പോസ്റ്റുമോർട്ടം നടത്തിയാണ് മരണകാരണം സ്ഥിരീകരിച്ചത്. പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. രാജേന്ദ്രന്റെ വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് ജോസഫ് അകത്തു കടന്നത്. രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാർജിങ്ങിന് ഇട്ടിരുന്ന മൊബൈൽ ഫോൺ നിലത്തു വീണു.
ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്കോടി. പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടിത്തമുണ്ടായി. തന്നെ കടിച്ചു പരിക്കേൽപ്പിച്ച ശേഷം ജോസഫ് രക്ഷപ്പെട്ടുവെന്നാണ് രാജേന്ദ്രൻ പറഞ്ഞത്. എന്നാൽ, മൽപ്പിടിത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. ഇതോടെ അന്വേഷണം രാജേന്ദ്രനിലേക്ക് നീങ്ങുകയാണ്.
Most Read: കോവിഡ് ബൂസ്റ്റർ ഡോസിന്റെ ഇടവേള കുറച്ചു








































