കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആന എഴുന്നള്ളിപ്പ് വേണ്ടെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം വിവാദത്തില്‍. ക്ഷേത്രത്തിലെ അഷ്‌ടമി ഉൽസവ ചടങ്ങുകളില്‍ ആന എഴുന്നള്ളിപ്പ് വേണ്ടെന്ന ദേവസ്വം ബോര്‍ഡ് നടപടി ക്ഷേത്ര ആചാരങ്ങളുടെ ലംഘനമാണെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചു. ഒരു ആനയെ എഴുന്നള്ളിച്ച് ചടങ്ങുകള്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്‌തമാക്കാനാണ് ഇവരുടെ നീക്കം. ഡിസംബര്‍ 8നാണ് വൈക്കത്തഷ്‌ടമി മഹോൽസവം.
ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്‌ടമി ഉൽസവം എഴുപതിലധികം ആനകളെ എഴുന്നള്ളിച്ചാണ് നടത്താറുള്ളത്. എന്നാല്‍, കോവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തി ഇത്തവണ ആനയെഴുന്നള്ളിപ്പ് വേണ്ടെന്ന തീരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈക്കൊണ്ടിട്ടുള്ളത്. ഡിസംബര്‍ മാസം വരെ ക്ഷേത്രങ്ങളില്‍ ആന എഴുന്നള്ളിപ്പ് വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
അതേസമയം ഇളവുകള്‍ വന്ന സാഹചര്യത്തില്‍ ഒരു ആനയെ എഴുന്നെള്ളിച്ച് ആചാരങ്ങള്‍ മുടക്കമില്ലാതെ നടത്തണമെന്ന് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈന്ദവ സംഘടനകളും ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്‌തമാക്കാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം.
കൂടാതെ നേരത്തെ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ചടങ്ങുകളുമായി ബന്ധപ്പെട്ട് ഗജപൂജ തടസപ്പെടുത്തിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Read Also: ‘തുടക്കത്തിലെ പ്രതിരോധ നടപടികള്‍ കേരളത്തില്‍ പിന്നീടുണ്ടായില്ല’; കേന്ദ്ര ആരോഗ്യമന്ത്രി





































