കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഷിംജിതയെ കസ്റ്റഡിയിൽ എടുത്തത്.
ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഷിംജിത ഒളിവിൽപ്പോവുകയായിരുന്നു. ഇതിനിടെ, ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ശ്രമിച്ചതായും വിവരം പുറത്തുവന്നു. തുടർന്നാണ് ഇന്ന് ഉച്ചയോടെ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പയ്യന്നൂരിൽ സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വടകര സ്വദേശിനിയായ ഷിംജിത മുസ്തഫ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്ത് പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. യുവതിയുടെ പേരിൽ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്ച സിറ്റി പോലീസ് കമ്മീഷണർ പരാതി നൽകിയിരുന്നു.
യുവതി ബസിൽ നിന്ന് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ മുഴുവൻ ഭാഗങ്ങളും വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഷിംജിതയുടെ ഫോൺ കസ്റ്റഡിയിൽ എടുക്കാനാണ് നീക്കം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ദൃശ്യങ്ങൾ സൈബർ പോലീസിന്റെ സഹായത്തോടെ പരിശോധിക്കും. കേസിൽ നിർണായകമാവുക ഈ ദൃശ്യങ്ങളാണെന്നാണ് പോലീസ് പറയുന്നത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































