തൃശൂർ: സ്വന്തം വീട്ടിൽ നടന്ന മോഷണത്തിന് അതേ വീട്ടുകാർ തന്നെ സംശയ നിഴലിലായ കേസിൽ അവസാനം യഥാർഥ പ്രതി പിടിയിൽ. ചിറക്കേക്കോട് ആനന്ദ് നഗറിൽ മടിച്ചിംപാറ രവിയുടെ വീട്ടിൽ നിന്ന് 2.20 ലക്ഷം രൂപ മോഷണം പോയ കേസിൽ കൽക്കി എന്നറിയപ്പെടുന്ന പീച്ചി പുളിക്കൽ സന്തോഷിനെ (38) പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 18നാണ് മോഷണം നടന്നത്. ‘ചിറക്കേക്കോട് സൗഹൃദകൂട്ടായ്മ’ എന്ന സംഘടന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ സ്വരൂപിച്ച പണം രവിയുടെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. രവിയും കുടുംബവും പുറത്തുപോയി വന്നതിന് ശേഷമാണ് മോഷണം നടന്നത് മനസിലായത്. എന്നാൽ വീട് കുത്തിത്തുറന്നതിന്റെയും മറ്റും ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പണം നഷ്ടമായതിൽ വീട്ടുകാർ സംശയ നിഴലിലാകുകയും ചെയ്തു.
എന്നാൽ സമാന രീതിയിൽ ഇതിന് മുൻപും മോഷണം നടത്തിയ സന്തോഷിനെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം നടത്തി. എസിപി വികെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി ഇയാൾ തന്നെയാണെന്ന് വ്യക്തമാവുകയും ചെയ്തു. നാട്ടുകാർക്ക് മുൻപിലെത്തിച്ച് പോലീസ് സത്യങ്ങൾ അവതരിപ്പിച്ചതോടെയാണ് വീട്ടുകാർക്ക് നേരെയുള്ള സംശയം മാറിയത്.
രവിയും കുടുംബവും വീട് പൂട്ടി പുറത്തുപോയ സമയത്ത് ഇവർ താക്കോൽ വെക്കുന്ന സ്ഥലം മറഞ്ഞിരുന്ന് മനസിലാക്കിയ പ്രതി ഇതെടുത്ത് വാതിൽ തുറന്നാണ് മോഷണം നടത്തിയത്.
Malabar News: അനധികൃത ഖനനം തടഞ്ഞു; സ്ക്വാഡിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം






































