കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ഒരാൾക്ക് തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് എൻഐഎ. കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ഐഎസ് ബന്ധമെന്ന് എൻഐഎ കോടതിയിൽ വ്യക്‌തമാക്കി. എൻഐഎ ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ച ശേഷം ഐഎസ് ബന്ധമുള്ള പ്രതി ആരാണെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് ഉദ്യോഗസ്‌ഥർ ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read: മുഖ്യമന്ത്രി മോദിയുടെ കാർബൺ കോപ്പി; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ നിന്ന് ലഭിച്ച പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ എൻഐഎ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഡയറി കോടതിയിൽ എത്തിച്ചത്. മുഹമ്മദ് അലി കേസിലെ മറ്റൊരു പ്രതിയായ ജലാലിന്റെ ഡ്രൈവറാണ്. തൊടുപുഴയിൽ അധ്യാപകന്റെ കൈ വെട്ടിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ.
ഭാവിയിലും സ്വർണക്കടത്ത് നടത്താൻ കേസിലെ പ്രതികൾ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ തെളിവുകൾ എൻഐഎ വീണ്ടെടുത്തിട്ടുണ്ട്. ഓരോ ഇടപാടുകളുടെയും തീയതി അടക്കമുള്ള വിവരങ്ങൾ സരിത്ത് തയാറാക്കിയിരുന്നു. ഇതിന്റെ ഡിജിറ്റൽ തെളിവുകളാണ് വീണ്ടെടുത്തത്. അതേസമയം, കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷ ബുധനാഴ്‌ച കോടതി പരിഗണിക്കും. സ്വപ്‌നാ സുരേഷിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്‌ചയാണ് പരിഗണിക്കുക.







































