ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 17 ആണ്. സൂക്ഷ്‌മപരിശോധന 18നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 20നുമാണ്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. ഏഴാം ഡെൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. തുടർച്ചയായി മൂന്നാംവട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് ആംആദ്‌മി പാർട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്ന് മൽസരിച്ച കോൺഗ്രസും എഎപിയും ഇത്തവണ ഒറ്റയ്‌ക്കാണ് മൽസര രംഗത്തുള്ളത്. അതേസമയം, എങ്ങനെയും ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി.
ഇവിഎം അട്ടിമറി ആരോപണങ്ങൾ കമ്മീഷനെ വേദനിപ്പിച്ചെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ വോട്ടെണ്ണലിന്റെ വേഗം കുറച്ചു. ചോദ്യം ചെയ്യാനുള്ള അവകാശം അടിസ്‌ഥാനരഹിത പ്രചാരണം നടത്താനുള്ള അവകാശമല്ല. എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളും സുതാര്യമാണ്.
വോട്ടർമാർ നല്ല ധാരണയുള്ളവരാണ്. വോട്ടിങ് മെഷീനിൽ ഉൾപ്പടെ അട്ടിമറി സാധ്യമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വന്ന ഫലങ്ങൾ വ്യത്യസ്‌തമാണ്. വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണ്. പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്‌ട്രീയ പാർട്ടികൾക്ക് പങ്കാളിത്തമുണ്ട്. വോട്ടെടുപ്പിന് മുൻപും ശേഷവും ഇവിഎം പരിശോധിക്കാറുണ്ട്. ആർക്കും ഇവിഎം ഹാക്ക് ചെയ്യാനാകില്ല. അട്ടിമറി ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും കമ്മീഷണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Most Read| 70 ദിവസം, 14,722 കിലോമീറ്റർ, 22 സംസ്‌ഥാനങ്ങൾ; കാറിൽ ഒറ്റയ്‌ക്ക് ഇന്ത്യ ചുറ്റി ജോസഫൈൻ







































