ന്യൂഡെൽഹി: ഡെൽഹിയിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 19ന് നടക്കുമെന്ന് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് യുഎസിൽ നിന്ന് തിരിച്ചെത്തിയാലുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തും.
ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കാനുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം നാളെ തന്നെ ഉണ്ടായേക്കാമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു. നിലവിൽ ബിജെപിയുടെ 48 നിയുക്‌ത എംഎൽഎമാരിൽ നിന്ന് 15 പേരിലേക്ക് മുഖ്യമന്ത്രിയുടെ സാധ്യതാ പട്ടിക ചുരുങ്ങിയിട്ടുണ്ട്.
പർവേശ് വർമ, ബിജെപി മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി പവൻ ശർമ, സതീഷ് ഉപാധ്യായ, വിജേന്ദർ ഗുപ്‌ത എന്നിവരാണ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സാധ്യത കൂടുതലുള്ള നേതാക്കൾ. അതിഷിക്ക് പകരക്കാരിയായി ഒരു വനിതയെ മുഖ്യമന്ത്രിയാക്കണമെന്നും ബിജെപിക്കുള്ളിൽ നീക്കമുണ്ട്. ശിഖ റായ്, രേഖ ഗുപ്‌ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
മുഖ്യമന്ത്രി ആരായാലും സത്യപ്രതിജ്‌ഞാ ചടങ്ങ് ഗംഭീരമാക്കാനാണ് ബിജെപിയുടെ തീരുമാനം. ബിജെപി ഭരിക്കുന്ന എല്ലാ സംസ്‌ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കും. 27 വർഷത്തിന് ശേഷമാണ് ബിജെപി ഡെൽഹിയിൽ അധികാരത്തിലെത്തുന്നത്. 70 അംഗ നിയമസഭയിൽ ബിജെപി 48 സീറ്റുകൾ നേടിയപ്പോൾ, എഎപി 22 സീറ്റുകളിലേക്ക് ഒതുങ്ങി.
വനിതാ മുഖ്യമന്ത്രിയെയാണ് പ്രഖ്യാപിക്കുകയെങ്കിൽ, 27 വർഷത്തിന് ശേഷം സുഷമ സ്വരാജിന് പിൻഗാമിയായി ബിജെപിക്ക് മറ്റൊരു വനിത കൂടി വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സുഷമയ്‌ക്ക് ശേഷം കോൺഗ്രസിന്റെ ഷീല ദീക്ഷിത് 15 വർഷം ഡെൽഹി മുഖ്യമന്ത്രിയായിരുന്നു. അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചതിന് പിന്നാലെ അതിഷിയെ എഎപി മുഖ്യമന്ത്രിയാക്കിയിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അതിഷി കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി